Tuesday, September 11, 2012

വീണ്ടും ഓണക്കാലം.


പ്രകൃതിയുടെയും മനുഷ്യന്റെയും ആഹ്ലാദകരമായ ഒത്തുചേരല്‍ ഓര്‍മ്മിപ്പിച്ച് വീണ്ടും ഓണക്കാലം. പ്രതീക്ഷകളുടെ പച്ചപ്പില്‍, സമൃദ്ധിയുടെ മഞ്ഞയില്‍, വിശുദ്ധിയുടെ വെള്ളയില്‍ അത് നന്മയുടെ പൂക്കാലമൊരുക്കുന്നു.
പണ്ട് നമ്മുടെ പറമ്പില്‍ സമൃദ്ധമായി കാണപ്പെട്ടിരുന്ന തുമ്പപ്പൂ ഇന്നൊരു അപൂര്‍വകാഴ്ചയാണ്. പൂക്കളമിടാന്‍ പൂക്കുടകളുമായി നടന്നു നീങ്ങുന്ന കുട്ടികള്‍ പറിച്ചെടുക്കുന്ന പൂക്കളില്‍ മുഖ്യമായിരുന്നു തുമ്പപ്പൂക്കള്‍. ഇപ്പോള്‍ കാണാന്‍ കിട്ടാത്ത തുമ്പപ്പൂക്കള്‍ വളരുന്ന അപൂര്‍വം സ്ഥലങ്ങള്‍ നഗരത്തിലുണ്ട്. കുണ്ടൂപ്പറമ്പ് എടക്കാട് മഞ്ഞോളി കരിയാത്തന്‍ ഭഗവതിക്ഷേത്ര പരിസരത്തു നിന്ന് തുമ്പപ്പൂക്കള്‍ ശേഖരിക്കുന്ന കുട്ടികള്‍ (2012) -ഫോട്ടോ: കെ.കെ. പ്രവീണ്‍


ഓണത്തപ്പനെ വരവേല്‍ക്കാന്‍ ഒരുകുടം തുമ്പപ്പൂ വേണം. പക്ഷേ, തുമ്പകളൊക്കെ എവിടെപ്പോയി? എവിടെയായാലും കണ്ടെത്താന്‍ പൂമ്പാറ്റകള്‍ക്കറിയാം. തൃശ്ശൂര്‍ നഗരത്തിരക്കിലൊളിച്ച കുഞ്ഞുപൂവിനെ തേടിയെത്തിയിരിക്കുകയാണ് പൂമ്പാറ്റച്ചങ്ങാതിമാര്‍ . ഫോട്ടോ: മനീഷ് ചേമഞ്ചേരി


'എന്റെയുമ്മറത്തെന്തൊരാശ്ചര്യ
വര്‍ണ്ണസങ്കരഭംഗികള്‍!
കണ്‍കറുത്തതാം കാക്കപ്പൂ നോക്കി
പുഞ്ചിരിക്കുന്ന തുമ്പപ്പൂ
ചോരക്കണ്ണില്‍ മുറുമുറുപ്പുമായ്
നൂറരിപ്പൂ നിരക്കവേ,
പൊന്നിതള്‍ക്കണ്‍വിടര്‍ത്തി നോക്കുന്ന
കുഞ്ഞു മുക്കുറ്റിപ്പൂവുകള്‍
കൊള്ളിന്‍പള്ളയ്ക്കു പറ്റിനില്ക്കുന്ന
ചെല്ല'ച്ചീവോതി'ക്കയ്യുകള്‍
കാട്ടലരികള്‍, നാട്ടലരികള്‍
പൂത്ത മുല്ലക്കുടന്നകള്‍
എന്റെയുമ്മറത്തെന്തൊരാശ്ചര്യ
വര്‍ണ്ണസങ്കരഭംഗികള്‍ !'- കടത്തനാട്ട് മാധവിയമ്മ


പോവല്ലേ, പോവല്ലേ, പൊന്നോണമേ!
പൂവല്ലേ ഞാനിട്ടു പൂജിക്കുന്നു!-ഇടപ്പള്ളി.
(ഫോട്ടോ: ഗിരീഷ് കുമാര്‍ .സി.ആര്‍ , 2009)



സ്‌നേഹപ്പൂക്കളങ്ങള്‍ : നാനൂറ് പൂക്കളങ്ങള്‍ തീര്‍ത്ത് കുരുന്നുകള്‍ . തൃശ്ശൂര്‍ ദേവമാത സി.എം.ഐ. പബ്ലിക് സ്‌കൂളിലെ കിന്റര്‍ ഗാര്‍ട്ടന്‍ വിഭാഗത്തിലെ 400 കുട്ടികളാണ് അത്തംദിനത്തില്‍ പൂക്കളം ഒരുക്കിയത്. ഓരോ വിദ്യാര്‍ഥിയും ഒരു പൂക്കളം ഉണ്ടാക്കി. രണ്ടടി വീതിയും രണ്ടടി നീളവും ഉള്ള സ്ഥലത്ത് കളങ്ങള്‍ യു.കെ.ജി.ക്കാര്‍ സ്വയം വരച്ചു. എല്‍.കെ.ജി.ക്കാര്‍ക്ക് അധ്യാപകരുടെ സഹായവും ലഭിച്ചു. ഇലകളും പൂക്കളും മാത്രം ഉപയോഗിച്ചാണ് പൂക്കളം തീര്‍ത്തത്.




കുട്ടികള്‍ക്കുവേണ്ടി ഓണം ആഘോഷിക്കാനെത്തിയ അമ്മമാര്‍ പൂക്കളത്തിനു ചുറ്റിലും തിരുവാതിര ചുവടുകള്‍ തീര്‍ത്തപ്പോള്‍. എറണാകുളം കടവന്ത്ര ജിംഗിള്‍ ബെല്‍സ് ഡേ കെയറിലെ കാഴ്ച. (ഫോട്ടോ: ലതീഷ് പൂവത്തൂര്‍)


ഓണപ്പൂക്കള്‍ പറിച്ചില്ലേ, നീ
ഓണക്കോടിയുടുത്തില്ലേ?
പൊന്നുംചിങ്ങം വന്നിട്ടും നീ
മിന്നും മാലേം കെട്ടീലേ?
മണിമിറ്റത്താ മാവേലിക്കൊരു
മരതകപീഠം വെച്ചില്ലേ?
കാലം മുഴുവന്‍ പോയല്ലാ!
കാണാന്‍ കിട്ടാതായല്ലാ!
നാമല്ലാതിവിടില്ലല്ലാ!
നാണിച്ചിങ്ങനെ നിന്നാലാ! -ചങ്ങമ്പുഴ
(ഫോട്ടോ: ഗിരീഷ്‌കുമാര്‍.സി.ആര്‍ ,2009)


വന്നുപോയ് വന്നുപോയ് ഭാഗ്യകാലം
സുന്ദരഭാരതഭൂമിയിങ്കല്‍.
കണ്ണീരും കയ്യുമായ് പാര്‍ത്തിരുന്ന
മണ്ണിന്റെ മക്കള്‍ക്കു ഭാഗ്യകാലം!
അത്തലിന്‍ ചങ്ങലയറ്റുവീണു,
പുത്തനാമോണമൊന്നിങ്ങു വന്നു. -വെണ്ണിക്കുളം

(ഫോട്ടോ: രാം നാഥ് പൈ, 2009)


'ആരറിയുന്നു നീ വന്നതും പോവതും?
ആരു നിനക്കിറ്റു പാഥേയമേകുവാന്‍?
ആരേ തിരിഞ്ഞൊന്നു നില്ക്കുവാന്‍? ജീവിത-
ഭാരം ചുമന്നു തിടുക്കില്‍ നടക്കവേ,
ഞങ്ങള്‍ മറന്നുപോയ് പാടുവാന്‍, തേനൂറു-
മന്നത്തെയോണപ്പുതുമലര്‍പ്പാട്ടുകള്‍.
എന്നേ മറന്നു പോയ് പൂക്കളം തീര്‍ക്കുവാന്‍!
എന്നേ മറന്നു പോയ് നിന്‍ മുഖമോമനേ!'-സുഗതകുമാരി 



സത്വരം സ്വാഗതം ചൊല്ലുന്നൂ ഞങ്ങ,ളി-
ങ്ങെത്തുന്നു വീണ്ടും നീയോണനാളേ!
കാലത്തിന്‍ കണ്ണുനീര്‍ തോരുമീ വേളയില്‍-
ച്ചേലൊത്തണഞ്ഞുനീ ശോഭനാംഗി,
ഭൂവിന്റെ നല്‍ച്ചിറകേതൊന്നും പൊങ്ങുമാ-
റാ വെയില്‍പ്പുഞ്ചിരി തൂകിക്കൊണ്ടും,
ഉന്മദഖേചരനാദമായ്‌ത്തോന്നുന്നോ-
രമ്മണിനൂപുരാരാവം പൂണ്ടും,
മന്നിലെമ്പാടുമേ വാരൊളിപ്പൂക്കളായ്-
ച്ചിന്നുമാ രത്‌നാഢ്യഹാരമാര്‍ന്നും,
വെണ്മുകില്‍വാര്‍ഞെറിച്ചാര്‍ത്തുലഞ്ഞീടുമാ
രമ്യനീലാംബരം ചാര്‍ത്തിക്കൊണ്ടും. -ബാലാമണിഅമ്മ


മാവേലിത്തമ്പുരാന്‍ തന്റെ പ്രജകളെ കാണുന്നതിന് തിരുവോണനാളില്‍ ഓരോ വീടുകളിലും വരുന്നതിന്റെ പ്രതീകമെന്നോണം വടക്കന്‍ കേരളത്തില്‍ കാണപ്പെടുന്ന ഒരു ഓണാചാരമാണ് ഓണപ്പൊട്ടന്‍ അഥവാ ഓണത്താര്‍. തെയ്യക്കോലം കെട്ടിയാടുന്ന മുന്നൂറ്റാന്‍ സമുദായത്തിലെ ആളുകളാണ് ഓണപ്പൊട്ടന്റെ കോലം കെട്ടുന്നത്. മാവേലിത്തമ്പുരാനെയാണ് ഈ അനുഷുാനരൂപം പ്രതീകവല്‍ക്കരിക്കുന്നത്. നിറനാഴിയും നിറപറയും അരിമാവിന്‍ കോലങ്ങള്‍ കൊണ്ടലങ്കരിച്ച വീടും പരിസരങ്ങളുമൊക്കെയായി ഓരോ കുടുംബവും ഓണപ്പൊട്ടനെ വരവേല്‍ക്കുന്നു. അടുത്തകാലത്ത് നാട്ടിന്‍പുറങ്ങളിലെ ക്ലബ്ബുകളും മറ്റും മാവേലിത്തമ്പുരാന്റെ വേഷവുമായി വീടുകള്‍ കയറിയിറങ്ങുന്നു. അനുഷുാനമല്ല മറിച്ച് ക്ലബ്ബുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ പണസമ്പാദനമാണ് പുതിയ ഓണപ്പൊട്ടന്മാരുടെ ലക്ഷ്യം.


മിഴിയിലുപ്പു വാര്‍ന്നുപോയ്, പൂക്കള്‍ കെ-
ട്ടഴിച്ചു വേദന നിരത്തിവെയ്ക്കവേ,
പഴയതൊക്കെയും കളഞ്ഞെന്നു വെച്ചു,
പരിതാപാനലനടങ്ങുകയില്ല
പുതിയ ഞാറുകള്‍ നടണം, പണ്ടത്തേ
കൃതവീര്യങ്ങളാം കൃഷിയിടങ്ങളില്‍,
കഴിവുകള്‍ കിടന്നുറങ്ങില്‍ മുങ്ങിപ്പോം
മഴവെള്ളത്തിലിക്കടലാസുതോണി.
മനുജന്റെ സ്വയംകൃതദുഃഖം കണ്ടു
നനഞ്ഞു കണ്‍പീലി കദളിപ്പൂക്കള്‍ക്കും.
കലുഷതയന്തഃകരണത്തില്‍ നിന്നും
കളകള്‍പോലെ നാം പിഴുതെറിയുക. -നാലാങ്കല്‍

(ഫോട്ടോ: ബിജുരാജ്.എ.കെ, 2006)


ആ വരവിങ്കലുണര്‍ന്നു ചിരിപ്പൂ
പൂവുകള്‍! - ഞങ്ങടെ സാക്ഷികളത്രേ
പൂവുകള്‍! പോവുക നാമെതിരേല്ക്കുക
നമ്മളൊരുക്കുക നാളെയൊരോണം! -വൈലോപ്പിള്ളി

(ഫോട്ടോ: അജി.വി.കെ, 2006)


കാറും മഴയും പോയല്ലാ!
കാടുകളൊക്കെപ്പൂത്തല്ലാ!
മാടത്തക്കിളി പാടിനടക്കും
മാനം മിന്നി വെളുത്തല്ലാ!
-എന്നട്ടും, നീയെന്താണിങ്ങനെ-
യെന്നോടൊന്നും മുണ്ടാത്തേ?- ചങ്ങമ്പുഴ കൃഷ്ണപ്പിള്ള
(ഫോട്ടോ: സന്തോഷ്.കെ.കെ., 2006)


ഒരു ചെടിയും നട്ടുവളര്‍ത്തീ;-
ലോണപ്പൂവെങ്ങനെനുള്ളാന്‍?
ഒരു വയലും പൂട്ടി വിതച്ചീ;-
ലോണച്ചോറെങ്ങനെയുണ്ണാന്‍?
ഒരു വാഴക്കന്നും നട്ടീ;-
ലോണപ്പഴമെങ്ങനെ തിന്നാന്‍?
ഒരു കഴിനൂല്‍പോലും നൂറ്റീ;-
ലോണത്തുണിയെങ്ങനെയണിയാന്‍?
ഒരു രാഗം മൂളിപ്പഴകീ;-
ലോണപ്പാട്ടെങ്ങനെ പാടാന്‍?
ഒരു കരളില്‍ സ്‌നേഹം പാകീ;-
ലോണക്കളിയെന്തു കളിക്കാന്‍?
ഉള്ളത്തില്‍ക്കള്ള ക്കര്‍ക്കടം;
എങ്ങനെ പൊന്നോണം പുലരാന്‍? -എന്‍ .വി. കൃഷ്ണവാരിയര്‍
(ഫോട്ടോ: അജി.വി.കെ, 2005)


ഓണമേ! വിഷാദത്തെ-
ദ്ധിക്കരിച്ചൂര്‍ജ്ജസ്വല-
പ്രാണരായിതാ നിന്നെ-
യെതിരേല്ക്കുന്നു ഞങ്ങള്‍,
നിറവേറുവാന്‍ കൊതി-
കൊണ്ടിടും സ്വപ്നങ്ങളാല്‍,
പുറവേലികള്‍ കടം-
തന്ന സൗന്ദര്യങ്ങളാല്‍.-തിരുനല്ലൂര്‍ കരുണാകരന്‍
(ഫോട്ടോ: ഇ.വി.രാഗേഷ്, 2005)


ഓണപ്പൂക്കുട ചൂടിക്കൊണ്ടെ-
ന്നോണത്തപ്പനെഴുന്നള്ളുമ്പോള്‍
പൂവേപൊലി പൂവേപൊലി
പൂവേപൊലിപൂവേ.
പൊന്‍വെയിലും പൂനിലാവും
പൊന്നോണപ്പകലൊളിരാവൊളി
പൂവേപൊലി പൂവേപൊലി പൂവേ
പൊലിപൂവേ
എന്നും കഞ്ഞിക്കാര്‍ക്കോണത്തിനൂണ്
എന്നുമുണ്ണുന്നോര്‍ക്കോണത്തിനു കഞ്ഞി
പൂവേപൊലി പൂവേപൊലി പൂവേപൊലിപൂവേ
വീട്ടുകാരൊത്തിരുന്നുണ്ണേണമോണത്തിന്
നാട്ടുകാരൊത്തുകളിക്കേണമോണത്തിന്
പൂവേപൊലി പൂവേപൊലി
പൂവേ പൊലിപൂവേ
പപ്പടക്കൊട്ടയുമുപ്പേരിക്കൂടയും
നേന്ത്രക്കുലമോളില്‍ കണ്ടപ്പോള്‍
പൂവിളിച്ചാര്‍ത്തു നടക്കുന്നോരുണ്ണ്യോളി-
ങ്ങോടിയെത്തീടുവാന്‍ ബദ്ധപ്പെട്ടുച്ചത്തില്‍
പൂവേവാ പൂവേവാ പൂവേവാ പൂവേവാ
കൈപൊക്കിയോടിവാ
വാതുറന്നോടിവാ
വയര്‍നിറച്ചോടിവാ
പൂവേവായെന്നു വിളിക്കുന്നു.
പൂവേപൊലി പൂവേപൊലി
പൂവേപൊലിപൂവേ. -കുഞ്ഞുണ്ണി
(ഫോട്ടോ: രാം നാഥ് പൈ, 2009)


നന്ദി, തിരുവോണമേ നന്ദി,
നീ വന്നുവല്ലേ?
അടിമണ്ണിടിഞ്ഞു കടയിളകി-
ച്ചരിഞ്ഞൊരു കുനുന്തുമ്പയില്‍
ചെറുചിരി വിടര്‍ത്തി നീ വന്നുവല്ലേ?
നന്ദി, തിരുവോണമേ നന്ദി.
ആട്ടം കഴിഞ്ഞു
കളിയരങ്ങത്തു തനിച്ചു വെറുക്കനെ-
പ്പടുതിരി കത്തിക്കരിഞ്ഞുമണത്ത
കളിവിളക്കിന്‍ ചിരി
ഇപ്പൊളോര്‍ക്കുന്നുവോ?
ഇനിയൊരു കളിക്കിതു കൊളുത്തേണ്ട-
യെന്നോര്‍ത്തിരിക്കെ, നീ വന്നുവല്ലേ?
നന്ദി, തിരുവോണമേ നന്ദി.- എന്‍.എന്‍. കക്കാട്


വീണ്ടും തിരയുന്നു ഞാന്‍
പൂക്കളത്തിനു ചുറ്റും
വീണുകിടന്ന നിന്റെ കാല്‌പാടുകള്‍
പൂവണികളെച്ചുറ്റി
പൂവിതള്‍ ചിത്രങ്ങളായ്
കോലങ്ങള്‍ തീര്‍ത്ത
നിന്റെ കാല്‌പാടുകള്‍.
ഉത്രാടപ്പൂക്കുന്നിന്‍
തിരുനെറ്റിയില്‍ നിന്റെ
കൈപ്പുണ്യം ചാര്‍ത്തിയ
കലയോര്‍ക്കുന്നു...-ശ്രീകുമാരന്‍തമ്പി.


നിനക്കും നിന്നോര്‍മകള്‍ക്കും
തുടിക്കും തുടിയൊച്ചകള്‍ക്കും
മുഴുക്കാപ്പും ചാര്‍ത്തിനില്‍പ്പാ-
ണത്തവും ഞാനും.
നിറഞ്ഞൂ പൂവട്ടിയും പൂ
ഞൊറിഞ്ഞൂ പുറവേലിയും വെയി-
ലണിഞ്ഞൂ ചിത്തിരക്കാറ്റും
നിന്റെ തളിരടിയും.-ഏഴാച്ചേരി രാമചന്ദ്രന്‍
(ഫോട്ടോ: വി.എസ്.ഷൈന്‍ , 2005)

No comments:

Post a Comment